കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഷാഹിദ് അലി (42)യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി ദിനേഷ്, ഹൈവേ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സനോജ് കുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചീനിമുക്ക് ഭാഗത്ത് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ് സംഘം വാഹനം നിർത്തിയ സമയത്ത് ഡ്രൈവർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും, ഇതിനിടെ ഷാഹിദ് അലി എത്തി അസഭ്യം പറയുകയും വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ദിനേഷിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് തകർക്കുകയായിരുന്നുവെന്നുമാണ് പരാതി.
25,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് നശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തന്റെ ചിത്രം പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് ഷാഹിദ് അലി പ്രകോപിതനായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


