കൊല്ലം: കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയതായി റിപ്പോർട്ട്. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിന്റെ കൈപ്പത്തി വെട്ടിയത്. സംഭവത്തിൽ അലക്സാണ്ടറിന്റെ ഭാര്യയ്ക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം. അലക്സാണ്ടറും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യക്ക് വെട്ടേറ്റു. ഇത് കണ്ടെത്തിയ മരുമകൾ ജിംസ് ജോൺ ഇടപെടാൻ ശ്രമിച്ചതോടെയാണ് ആക്രമണം നടന്നതെന്ന് വിവരം. തടയാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസ് അലക്സാണ്ടറിനെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ അലക്സാണ്ടറും ഭാര്യയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടെന്നും വിവരം ലഭിച്ചു.






