കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അനുശ്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. ഷമ മുഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഫോഴ്സെപ്സ് ഉപയോഗിച്ച് കുഞ്ഞിനെ അശ്രദ്ധമായി പുറത്തെടുത്തെന്നാണ് പരാതിയിലെ ആരോപണം. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയെ തുടർന്ന് കുഞ്ഞിന്റെ തലയോട്ടിക്ക് ചുരുങ്ങൽ സംഭവിക്കുകയും സ്ഥിരമായ വൈകല്യം ഉണ്ടായെന്നും അനുശ്രീ പരാതിയിൽ പറയുന്നു.
2024 ജനുവരിയിലായിരുന്നു അനുശ്രീയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. സാധാരണ പ്രസവത്തിന് ശേഷം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നതായും കുടുംബം ആരോപിച്ചു.
ചികിത്സാ പിഴവിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനുശ്രീയും കുടുംബവും നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











