എറണാകുളം: കോതമംഗലത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അന്വേഷണത്തിനായി അർജുൻ ആയങ്കിയെ കണ്ണൂരിൽനിന്ന് വെള്ളിയാഴ്ച രാത്രി കോതമംഗലത്ത് എത്തിച്ചു. കോതമംഗലം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആയങ്കിയെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കോതമംഗലം കോടതിയിൽ ഹാജരാക്കി അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യൽ, ശബ്ദസാമ്പിൾ ശേഖരണം, കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ്, ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടെത്തി തെളിവുകൾ ശേഖരിക്കൽ എന്നിവയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന നടപടികൾ.
കോതമംഗലം എസ്.എച്ച്.ഒ. കെ.ആർ. പ്രശാന്ത്കുമാറിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകൽ എസ്.എച്ച്.ഒ. ബി.എസ്. ആദർശിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ചതും കേസിന്റെ ഭാഗമാണ്. കുട്ടമ്പുഴ എസ്.എച്ച്.ഒ. എ. ഷൈൻകുമാറിനാണ് അന്വേഷണ ചുമതല.
മേയ് മൂന്നിന് പുന്നേക്കാട് ഹോംസ്റ്റേയിൽനിന്ന് അർജുൻ ആയങ്കി ഉൾപ്പെടെ ആറംഗ സംഘത്തെ ക്രിമിനൽ ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തി കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
കോതമംഗലം, ഊന്നുകൽ പൊലീസ് സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ നിലവിൽ മൂന്ന് കേസുകളാണുള്ളത്.


