തിരുവനന്തപുരം: പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാമുക്കിലെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരുന്ന 24 മണിക്കൂർ പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇനി മുതൽ പിണറായി വിജയൻ വീട്ടിലുണ്ടെങ്കിൽ മാത്രമാകും വീടിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തുക.
ഒരു എസ്ഐയും രണ്ട് പൊലീസുകാരും ഉൾപ്പെടുന്ന സംഘത്തെയാകും സുരക്ഷയ്ക്കായി നിയോഗിക്കുക. നേരത്തെ വീടിന് മുന്നിൽ പൊലീസ് ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയിരുന്നു. വാഹനം മാറ്റിയ ശേഷവും പൊലീസ് കാവൽ തുടരുകയായിരുന്നു.
കണ്ണൂർ എആർ ക്യാമ്പിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫീസർമാരുമാണ് വിവിധ ഷിഫ്റ്റുകളിലായി വീടിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതോടെ സ്ഥിരം പൊലീസ് കാവലിനായി വിന്യസിച്ചിരുന്ന ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും.
ഈ മാസം ഒന്നിനാണ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്ന പൊലീസ് ജീപ്പ് മാറ്റിയത്. ജീപ്പ് വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ പിണറായി വിജയൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ലെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ വന്നുപോകാറുണ്ടായിരുന്നുവെന്നും പിന്നീട് വാഹനം ഗതാഗതയോഗ്യമല്ലാത്ത നിലയിൽ അവിടെ കിടന്നതായാണ് മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാഹനം അവിടെ നിന്ന് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്നും എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനം മാറ്റാതിരുന്നതിന്റെ കാരണം പൊലീസ് തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തന്റെ വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയൻ അന്ന് വ്യക്തമാക്കിയിരുന്നു.




