ഇടുക്കി: നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനെക്കാൾ കള്ളങ്ങൾ നിറച്ച, നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ലെന്നും ആരോപണം. റവന്യു ഭൂമി വിജ്ഞാപനമിറക്കി വനഭൂമിയാക്കി ഡീനോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞിട്ട് പാലിച്ചില്ല, സിഎച്ച്ആർ പ്രശ്‌നങ്ങൾ, ഏലം കുത്തകപാട്ടം കൊടുക്കുന്നില്ല, ഇടുക്കി ജില്ല മുഴുവൻ വ്യാപകമായ പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ ആരംഭിച്ചതാണ്. ഗെയിൽ പൈപ്പ് ലൈൻ കൊണ്ടുവന്നപ്പോൾ, ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബാണെന്ന് വിശേഷിപ്പിച്ചത് പി രാജീവാണ്.കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞു. പ്രഖ്യാപിച്ച ഒരു പാക്കേജും അവർ നടപ്പാക്കിയിട്ടില്ല. കോൺഗ്രസ് അവതരിപ്പിച്ച സർക്കാരിനെതിരെ സമർപ്പിച്ച ഒരു കുറ്റപത്രമുണ്ട്. അത് ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടും. അതിന്റെ ശിക്ഷ ഒമ്പതാം തീയതി വിധി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.




