ഭാരതീയ വിശ്വാസമനുസരിച്ച് സര്‍വൈശ്വര്യത്തിന്റെ ദിനമായി കണക്കാക്കപ്പെടുന്ന അക്ഷയതൃതീയ ഇത്തവണ മേയ് 10 വെള്ളിയാഴ്ചയാണ് വന്നെത്തുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറ്റവും ഉത്തമമെന്ന് വിശ്വസിക്കപ്പെടുന്ന വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണിത്. ഈ ദിനം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന വിശ്വാസമാണ് അക്ഷയതൃതീയ എന്ന പേരിന് പിന്നിലുള്ളത്. അതിനാൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങാനും വലിയ തീരുമാനങ്ങൾ എടുക്കാനും ഭൂരിഭാഗം ആളുകളും ഈ ദിനം തെരഞ്ഞെടുക്കുന്നു.
അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണം വാങ്ങുക എന്നതാണ്. എന്നാൽ പരമ്പരാഗതമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പുറമേ, ആധുനിക കാലത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി ബദൽ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. പഴയകാലം തൊട്ടേ പിന്തുടരുന്ന രീതിയാണ് ഫിസിക്കല്‍ ഗോള്‍ഡ് അഥവാ ആഭരണങ്ങളായോ നാണയങ്ങളായോ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്. സംസ്കാരത്തിന്റെ ഭാഗം കൂടിയായ ഇത്തരം രീതികളിൽ പണിക്കൂലി, ഗുണമേന്മ, റീസെയിൽ മൂല്യം എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആഭരണങ്ങൾക്ക് പുറമേ ബാങ്കുകളിൽ നിന്നോ ജ്വല്ലറികളിൽ നിന്നോ ഗുണമേന്മ സർട്ടിഫിക്കറ്റോട് കൂടിയ സ്വര്‍ണ്ണ നാണയങ്ങളും ബാറുകളും വാങ്ങി വയ്ക്കുന്നവരും കുറവല്ല.
സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോള്‍ഡ് ഇടിഎഫുകളും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും മികച്ച ഓപ്ഷനുകളാണ്. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ ഡിജിറ്റൽ രൂപമാണ് ഇടിഎഫുകൾ. ഇവ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി എളുപ്പത്തിൽ വാങ്ങാനും വില്‍ക്കാനും സാധിക്കും. കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകൾ നിശ്ചിത പലിശ ഉറപ്പുനൽകുന്നു എന്നതാണ് പ്രധാന ആകർഷണം. സാധാരണ എട്ടു വർഷ കാലാവധിയുള്ള ഇത്തരം ബോണ്ടുകളിൽ ഇലക്ട്രോണിക് രൂപത്തിലാണ് സ്വർണം സൂക്ഷിക്കപ്പെടുന്നത്.
ചെറിയ തുകകൾ കൊണ്ട് സ്വർണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റല്‍ ഗോള്‍ഡ് ഏറെ ഉപകാരപ്രദമാണ്. ഓൺലൈൻ വഴി ചെറിയ അളവിൽ സ്വർണം വാങ്ങാനും സുരക്ഷിതമായ നിലവറകളിൽ ഇൻഷുറൻസ് പരിരക്ഷയോടെ സൂക്ഷിക്കാനും ഈ രീതിയിലൂടെ സാധിക്കും. ഇതു കൂടാതെ, നേരിട്ട് സ്വർണം വാങ്ങാതെ തന്നെ ഗോൾഡ് ഇടിഎഫുകളിലോ മൈനിംഗ് കമ്പനികളിലോ നിക്ഷേപം നടത്തുന്ന ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകളും ഇന്ന് നിക്ഷേപകർക്ക് മുന്നിലുണ്ട്. സ്വർണം വാങ്ങുന്നതിലെ സുരക്ഷാ ആശങ്കകൾ ഒഴിവാക്കി ലാഭകരമായി നിക്ഷേപം നടത്താൻ ഈ നൂതന മാർഗങ്ങൾ സഹായകമാണ്.




