ദോഹ: ഖത്തറിൽ ഇന്ത്യൻ മാമ്പഴമേളയായ അൽ ഹംബ ഫെസ്റ്റ് പൊടിപൊടിക്കുന്നു. സന്ദർശകരുടെ എണ്ണത്തിലും മാമ്പഴ വിൽപനയിലും റെക്കോഡുകൾ കുറിച്ചുകൊണ്ടാണ് മാമ്പഴമേള പുരോഗമിക്കുന്നത്. ആദ്യ ഏഴു ദിനങ്ങളിൽ 74,700 കിലോയിലധികം മാമ്പഴങ്ങളാണ് വിറ്റഴിഞ്ഞത്.
72,000ത്തോളം സന്ദർശകരാണ് സൂഖ് വാഖിഫിൽ നടക്കുന്ന മാമ്പഴമേളയിൽ എത്തിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയും സൂഖ് വാഖിഫും നേതൃത്വം നൽകുന്ന പത്തു ദിവസത്തെ മാമ്പഴമേള ജൂൺ 21 ന് ശനിയാഴ്ച അവസാനിക്കും.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 55ഓളം ഇനം മാമ്പഴങ്ങളാണ് മേളയുടെ രണ്ടാം പതിപ്പിൽ പ്രദർശനത്തിനുള്ളത്. മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികളേക്കാൾ മാമ്പഴം തേടി സ്വദേശികളും, വിവിധ രാജ്യക്കാരായ അറബികളുമാണ് ഇത്തവണ മേളയിലെത്തുന്നത്.




