കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മത്സ്യം, മാംസം, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വരെ നിയന്ത്രിക്കുമെന്ന് അവർ ആരോപിച്ചു. പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്ഷണ സ്വാതന്ത്ര്യം പരിമിതമാണെന്നും, അവരുടെ നിലപാടുകൾ ഏകപക്ഷീയമാണെന്നും മമത ആരോപിച്ചു. മതപരമായ സഹിഷ്ണുതയുടെ അഭാവവും കലാപങ്ങൾ പ്രേരിപ്പിക്കുന്ന രാഷ്ട്രീയവും ബിജെപി പിന്തുടരുന്നതായും അവർ വിമർശിച്ചു.
ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നും, ബംഗാളി ഭാഷ സംസാരിക്കുന്നവർക്കെതിരായ ആക്രമണങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നതായും മമത ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മേയ് 4നാണ് വോട്ടെണ്ണൽ.




