തൃശ്ശൂർ: ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിൽ വിവാദം. എൽഡിഎഫിന്റെ പരാതിയെ തുടർന്ന് കിറ്റുകൾ വിതരണം ചെയ്തിരുന്ന ഒരു സൂപ്പർമാർക്കറ്റ് പൊലീസ് അടപ്പിക്കുകയും അമ്പതോളം കിറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.
സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി കിറ്റ് വിതരണം നടന്നുവെന്നാണ് എൽഡിഎഫ് ആരോപണം. പ്രദേശത്തെ ചില കുടുംബങ്ങൾക്ക് സൗജന്യമായി കിറ്റുകൾ നൽകുകയും, വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ കിറ്റ് വാങ്ങാനെത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ബിജെപി സ്ഥാനാർഥിക്ക് വോട്ട് നേടുന്നതിനായാണ് ഈ നീക്കമെന്നും എൽഡിഎഫ് ആരോപിച്ചു.
ബിജെപി വ്യാപാരസ്ഥാപനങ്ങളുമായി ചേർന്ന് കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു. ചില സ്വർണവ്യാപാരികളും ബാർ ഉടമകളും ഇതിൽ പങ്കാളികളാണെന്നും, ചില സ്ഥലങ്ങളിൽ മദ്യം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പണം വിതരണം ചെയ്തതായി ആരോപണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കിറ്റുകൾ തയ്യാറാക്കാൻ രാധാകൃഷ്ണൻ എന്നയാളിൽ നിന്നാണ് ഓർഡർ ലഭിച്ചതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വ്യക്തമാക്കി. ഏകദേശം 75 കിറ്റുകൾക്കാണ് ഓർഡർ നൽകിയതെന്നും, ഇതിനകം ചില കിറ്റുകൾ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഓർഡർ നൽകിയ വ്യക്തിയുടെ രാഷ്ട്രീയബന്ധം അറിയില്ലെന്നും ഉടമ പറഞ്ഞു.
സംഭവത്തെ തുടർന്ന് പൊലീസ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് സൂപ്പർമാർക്കറ്റ് അടപ്പിക്കുകയും കിറ്റുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.




