തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം അടുക്കുമ്പോൾ പ്രകടന പത്രികകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഇരു മുന്നണികളും. ഒരു മുഴം മുൻപേ തന്നെ എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇന്നിതാ, ഒരേ ദിവസം ഒരേ സമയം പത്രിക പുറത്തിറക്കിയിരിക്കുകയാണ് എൽഡിഫും യൂഡിഫും. സമാനമായ വാഗ്ദാനങ്ങളാണ് ഇരു മുന്നണികളും മുന്നോട്ട് വെച്ചിരിക്കുന്നത്. ക്ഷേമ പദ്ധതികൾ, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലാണ് ശ്രദ്ധേയമായ സമാനതകളുള്ളത്.
ഇരുമുന്നണികളും ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ക്ഷേമ പെൻഷനുകൾക്കാണ്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നാണ് എൽഡിഎഫും യുഡിഎഫും ഒരുപോലെ പറഞ്ഞിരിക്കുന്നത്. റബ്ബർ കർഷകർക്ക് ആശ്വാസമാകുന്ന തരത്തിലുള്ള പദ്ദതികളും മുന്നോട്ട് വെയ്ക്കുന്നുണ്ട് ഇരുവരും. നെല്ല് സംഭരണ വില കിലോയ്ക്ക് 35 രൂപയായി വർദ്ധിപ്പിക്കുമെന്നത് ഇടതിന്റെയും യുഡിഎഫിന്റെയും സമാനമായ മറ്റൊരു വാഗ്ദാനമാണ്.
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന വാഗ്ദാനവും ശ്രദ്ധേയമാണ്. ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്ക് വീട് നൽകുമെന്നാണ് എൽഡിഫിന്റെ ഉറപ്പ്. എന്നാൽ, യുഡിഎഫ് 5 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ വയനാട് വീടുകൾ മുന്നിലുള്ളത് കൊണ്ട് തന്നെ ജനങ്ങൾ ഇത് എത്രത്തോളം മുഖവിലയ്ക് എടുക്കുണ്ടെന്ന് അറിയാൻ ഇലക്ഷൻ വരെ കാത്തിരിക്കണം.
സർക്കാർ ജീവനക്കാരുടെ പെൻഷൻ സംബന്ധിച്ചു പരിഷ്‌കാരങ്ങൾ രണ്ട മുന്നണികളും മുൻപോട്ട് വെക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇരുപക്ഷവും മുന്നോട്ടുവെക്കുന്നു. എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സാണ് യുഡിഎഫിന്റെ വാഗ്ദാനം. അതിദരിദ്രരില്ലാത്ത കേരളം എന്നതാണ് ഇരു മുന്നണികളുടെയും ലക്ഷ്യം. പ്രകടന പത്രികകൾ നിറയെ വാഗ്ദാനങ്ങളുമായി മുന്നണികൾ ഇലക്ഷന് തയ്യാറെടുക്കുമ്പോൾ ആരുടെ വാഗ്ദാനങ്ങളാണ് ജനങ്ങളെ ആകർഷിച്ചതെന്ന് അറിയാൻ കാത്തിരിക്കണം.















