തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം യുഡിഎഫ് റാലിയില്‍ വെച്ച് നീ ീിപോ മോനേ വിജയാ എന്നുള്ള രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരായാണ് മുഖ്യമന്ത്രി എത്തിയത്.
സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്കു മീതെ ബുള്‍ഡോസര്‍ കയറ്റിയിറക്കുന്നത് സൗകര്യപൂര്‍വ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാന്‍ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ ‘അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന അദ്ദേഹം ചില ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറാകണം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലേ?. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തെലങ്കാന ആറാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.




