പുതുച്ചേരി: തിരഞ്ഞെടുപ്പ് പോര് മുറുകുമ്പോൾ പുതുച്ചേരിയിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. ആകെ 294 സ്ഥാനാർത്ഥികളിൽ 291 പേരുടെ സത്യവാങ്മൂലങ്ങളാണ് എഡിആർ വിശദമായി വിശകലനം ചെയ്തിരിക്കുന്നത്. ഇതിൽ വലിയൊരു ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരാണെന്നും മറ്റൊരു ഭാഗം കോടീശ്വരന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2021-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണത്തിൽ വൻ വർധനവാണ്. 23% സ്ഥാനാർത്ഥികളും തങ്ങളുടെ സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുമുണ്ട്. ഇതിൽ 38 പേർ കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ അതീവ ഗൗരവമുള്ള കേസുകളിലാണ്. രണ്ട് സ്ഥാനാർത്ഥികൾ ഐപിസി 302 പ്രകാരമുള്ള കൊലക്കേസുകളിലും പ്രതികളാണ്. ബിജെപിയുടെയും ഡിഎംകെയുടെയും സ്ഥാനാർത്ഥികളിൽ പകുതി പേരും ഇത്തരത്തിൽ കേസുകൾ നേരിടുന്നവരാണ്. കോൺഗ്രസ്, എഐഎൻആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലും ക്രിമിനൽ റെക്കോർഡുള്ള സ്ഥാനാർത്ഥികൾ സജീവമാണ്. 41% സ്ഥാനാർത്ഥികളും കോടിശ്വരന്മാരാണ്. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത.




