തൃശൂർ: ഏതെങ്കിലും മുന്നണിയോട് ചായ്‌വ് കാണിക്കാതെ വികസനത്തിനും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവത്തിനും വോട്ടർമാർ മുൻഗണന നൽകുന്ന മണ്ഡലമാണ് ചാലക്കുടി. ഇവിടെ ഒരു മുന്നണിക്കും സ്ഥിരമായ കുത്തകയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ചാലക്കുടി. ഒരു പാർട്ടിക്കും സ്ഥിരം കോട്ടയാകാൻ നിന്നുകൊടുക്കാറില്ല ഇവിടുത്തെ വോട്ടർമാർ.
മൂന്ന് തവണ വിജയം കണ്ട എൽഡിഎഫിലെ ബി ഡി ദേവസി തന്നെയാണ് കൂടുതൽ കാലം ചാലക്കുടിയില്‍ എംഎല്‍എ ആയത്. നാലാം തവണ ഒരാൾക്ക് മത്സരിക്കാൻ കഴിയില്ലെന്ന പാർട്ടിയുടെ നിബദ്ധന കാരണം സ്ഥാനാർത്ഥിയെ മാറ്റി പ്രഖ്യാപിച്ചു. അതോടെ ഇടതു പക്ഷത്തിന് ഭരണത്തുടർച്ച നഷ്ടപ്പെട്ടു. 2021-ല്‍ യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാര്‍ ജോസഫ് മണ്ഡലം തിരിച്ചുപിടിച്ചു.ആ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നിശ്ചയിക്കപ്പെട്ടത് ചാലക്കുടിയിൽ ആയിരുന്നു.
റോഡുകളുടെ നവീകരണവും, കാർഷിക മേഖലയിലെ പ്രതിസന്ധികളും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുണ്ട്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത മത്സരത്തിനൊപ്പം തന്നെ ബിജെപി നയിക്കുന്ന എൻഡിഎയും തങ്ങളുടെ വോട്ട് വിഹിതവും വർധിപ്പിക്കുന്നുണ്ട്. ഇത്തവണ എല്‍ഡിഎഫ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഡ്വ. ബിജു എസ് ചിറയത്തിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. സിറ്റിംഗ് എംഎല്‍എയായ സനീഷ് കുമാര്‍ ജോസഫാണ് യുഡിഫ് സ്ഥാനാർത്ഥി. അഡ്വ. ചാർളി പോളാണ് എൻഡിഎ സ്ഥാനാർത്ഥി.





