തിരുവനന്തപുരം: കേരളത്തിൽ ഭരണ മാറ്റം ഉറപ്പാണെന്ന് എ.കെ. ആന്റണി പറഞ്ഞു. സംസ്ഥാനത്തിലെ ജനങ്ങളുടെ മനസിൽ ഇതിനകം തന്നെ വോട്ടെടുപ്പ് കഴിഞ്ഞുവെന്നും, ഇടി മുഴക്കത്തെ പോലെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിലെ സർക്കാർ ‘കെയർടേക്കർ’ മാത്രമാണെന്നും, ഈ സർക്കാർ പോകണമെന്ന് ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സാധാരണ ജനങ്ങൾക്ക് അപ്രാപ്യനാണെന്നും, സെക്രട്ടറിയേറ്റ് ‘രാവണൻ കോട്ട’ പോലെയാണെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളെ നേരിൽ കാണാൻ തയ്യാറാകാത്തതും വിമർശനങ്ങളെ അംഗീകരിക്കാത്തതുമായ നേതൃത്വമാണെന്നും ആരോപിച്ചു. യുഡിഎഫിന് പ്രത്യേക പ്രചാരണങ്ങൾ ആവശ്യമില്ല; “മൂന്നാം പിണറായി സർക്കാർ” എന്ന പ്രചാരണം മാത്രം മതിയാകും വിജയത്തിന് എന്നും ആന്റണി പറഞ്ഞു.
യുഡിഎഫിൽ ഇതുവരെ കാണാത്ത ഐക്യം നിലവിലുണ്ടെന്നും, തുടർഭരണം എന്ന ആശയം തന്നെ ജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പിന്തുണയുണ്ടായാലും മൂന്നാം പിണറായി സർക്കാരിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും, അത് വലിയ ദുരന്തമാകും എന്നും മുന്നറിയിപ്പ് നൽകി.
മുമ്പ് കോൺഗ്രസിലുണ്ടായിരുന്ന വിമതപ്രവണത ഇപ്പോൾ ഇടതുപക്ഷത്തിൽ കാണപ്പെടുന്നുവെന്നും, ഇടത് സഹയാത്രികർ പാർട്ടി വിടുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കേരളത്തിന് അനുയോജ്യമായ പാർട്ടിയല്ലെന്നും, വിജയസാധ്യതയില്ലെന്നും പറഞ്ഞു. സിപിഎമ്മിന് ബിജെപി പരോക്ഷമായി സഹായിക്കുന്നുവെന്നും, കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകുന്നത് ബിജെപിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു.




