ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അണ്ണാമലൈ സർവകലാശാല അസി. പ്രൊഫസറും ചിദംബരം സ്വദേശിയുമായ ജെ രാജയാണ് പിടിയിലായത്. 2018 – 2020 കാലയളവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന നാമക്കൽ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
പഠനത്തിന് സഹായിക്കാമെന്ന് ഉറപ്പുനൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം ഇയാൾ നേടിയെടുത്തത്. പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പീഡിപ്പിച്ചെന്ന് കടലൂർ പോലീസ് സൂപ്രണ്ടിന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. പിന്നീട് ഇയാൾ വീണ്ടും ദൃശ്യങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പ്രാഥമികാന്വേഷണം നടത്തിയ ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






