തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ വിവിധ മുന്നണികളുടെ പ്രചാരണങ്ങളും ശ്രദ്ധനേടുന്നു. സിനിമാ-സീരിയൽ താരങ്ങളും പ്രചാരണ വേദികളിൽ സജീവമാണ്. ഇതിനിടെ യുഡിഎഫിന് പിന്തുണയുമായി എത്തിയ ടെലിവിഷൻ താരം സലിം ഹസ്സൻ (പ്യാരി) നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. പുനർജനി കുടുംബങ്ങളുടെ സ്നേഹ സംഗമം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ ഒരു വ്യക്തിയുടെ കഥ പറഞ്ഞാണ് പ്യാരി ശ്രദ്ധ നേടിയത്. ശ്വാസംമുട്ടൽ പ്രശ്നവുമായി വർഷങ്ങളായി ചികിത്സ തേടിയിട്ടും ആശ്വാസമില്ലെന്ന് പറഞ്ഞ ആൾ, ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായി പ്യാരി പറഞ്ഞു. ഈ വാക്കുകൾ കേട്ട് വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ചിരിയോടെ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.




