കണ്ണൂര്‍: 2021ലെ പ്രകടനപട്ടികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയതിന്റെ റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021ല്‍ എൽഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എൽഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകളാണ് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നിർമിച്ചു നൽകിയത്. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്ക് 2682 വീടുകൾ യാഥാർഥ്യമാക്കി, 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ ഒരുക്കി. നാലര ലക്ഷം (4,56,689) പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. അതിദാരിദ്യത്തെ കേരളത്തിൽ നിന്ന് തുടച്ചു നീക്കാനായതും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാഗ്ദാനം ചെയ്തതുപോലെ എല്ലാവർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ റിപ്പോര്‍ട്ടാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചത്.




