കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജൻ. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞു പോകരുത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ശീലം ഉള്ളത് കോണ്‍ഗ്രസിനാണ്. വിവരദോഷികളായി കോണ്‍ഗ്രസ് മാറരുത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ കെ സി വേണുഗോപാലിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.




