കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണമുണ്ടായെന്ന പരാതിയിൽ സംഘർഷാവസ്ഥ. സംഭവത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം ബോർഡുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പുതിയ ബോർഡുകൾ സ്ഥാപിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവർ ആരോപിച്ചു. സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഇവരുടെ പരാതി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രാദേശിക സി.പി.എം നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




