ടെഹ്റാൻ: ഇറാനിൽ വെടിവെച്ച് തകർത്ത അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനത്തിൽ നിന്ന് കാണാതായിരുന്ന പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് അധികൃതർ സ്ഥിരീകരിച്ചു. സംഘർഷത്തിനൊടുവിൽ സൈനികനെ ഇറാൻ അതിർത്തിക്കു പുറത്തേക്ക് സുരക്ഷിതമായി എത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച തെക്കൻ ഇറാനിലാണ് എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം വെടിവെച്ച് തകർത്തത്. വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഒരാളെ കണ്ടെത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇറാനും അമേരിക്കയും ചേർന്ന് തെരച്ചിൽ ശക്തമാക്കി.
രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് കാണാതായ ക്രൂ അംഗത്തെ കണ്ടെത്തിയത്. വിമാനം തകർന്നുവീണതിന് പിന്നാലെ ഇറാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ കോഹ്ഗിലുയേയും ബോയർ-അഹമ്മദും ഉൾപ്പെടുന്ന മലനിരകളിൽ യുഎസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
വെടിവെപ്പിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്നവർ സ്വയം പുറത്ത് ചാടിയതായാണ് വിവരം. പൈലറ്റിനെ കണ്ടെത്തിയ വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. പരിക്കേറ്റിട്ടുണ്ടെങ്കിലും സൈനികൻ സുരക്ഷിതനാണെന്ന് അദ്ദേഹം തന്റെ സാമൂഹികമാധ്യമത്തിൽ അറിയിച്ചു.
സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ പ്രദേശത്ത് തകർന്നുവീഴുന്ന ആദ്യ യുഎസ് യുദ്ധവിമാനമായിരുന്നു ഇത്. ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇറാൻ രണ്ട് യുഎസ് സൈനിക വിമാനങ്ങൾ വെടിവെച്ച് തകർത്തതായും റിപ്പോർട്ടുണ്ട്. അതിൽ എ-10 യുദ്ധവിമാനവും ഉൾപ്പെടുന്നു. കൂടാതെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ സൈനിക വിഭാഗം അവകാശപ്പെട്ടു.




