തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ രാഹുല്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അതിജീവിതയെ അധിക്ഷേപിക്കുന്നതും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പലതവണ പോസ്റ്റ് പങ്കുവെച്ചിരുന്നു. അടുത്തിടെ അതിജീവിതയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫെന്നി നൈനാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെയാണ് അതിജീവിത കേസ് കൊടുക്കുന്നത്.




