തിരുവനന്തപുരം: സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നിർദ്ദേശിച്ച സമയപരിധിക്കകം നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. ഐടി നിയമപ്രകാരം രണ്ട് മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്ന് കേസ് എടുത്തതായാണ് വിവരം.
വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് എക്സ് നിലകൊണ്ടത്. കമ്മീഷൻ വിളിച്ച യോഗത്തിലും ഇതേ നിലപാട് ആവർത്തിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉള്ളതായി കണ്ടെത്തിയ 320 ഫേസ്ബുക്ക് പോസ്റ്റുകളും 59 ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. എക്സിന് 270 നോട്ടീസുകൾ നൽകിയതിൽ 40 പോസ്റ്റുകൾ മാത്രമാണ് നീക്കം ചെയ്തത്. ബാക്കി പോസ്റ്റുകൾ ഉപയോക്താക്കൾ സ്വമേധയാ നീക്കം ചെയ്തതാണെന്നും അധികൃതർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതുമായ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന സർക്കുലർ നൽകിയിട്ടുണ്ടെന്ന് സൈബർ ഡിവിഷൻ അറിയിച്ചു. ഇതിന്റെ ഭാഗമായി സൈബർ പട്രോളിംഗ് ശക്തമാക്കി വിവരങ്ങൾ കമ്മീഷനുമായി പങ്കുവെക്കുന്നതായും പൊലീസ് അറിയിച്ചു.




