ഇസ്ലാമാബാദ്: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വർധിച്ചതിനെ തുടർന്ന് പാകിസ്താനിൽ ഇന്ധനവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഡീസൽ വില 54.9 ശതമാനം ഉയർന്ന് ലിറ്ററിന് 520.35 രൂപയായും, പെട്രോൾ വില 42.7 ശതമാനം വർധിച്ച് 458.40 രൂപയായും എത്തി. മണ്ണെണ്ണ വിലയും ഉയർന്ന് ലിറ്ററിന് 457.80 രൂപയായി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്.
ഇന്ധനവില വർധനവിന് പ്രധാന കാരണം യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കയറ്റമാണെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പേർവീസ് മാലിക് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും രാജ്യത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ഇന്ധന സബ്‌സിഡി തുടരാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയിൽ നൽകിയ വലിയ സബ്‌സിഡി ഇനി താങ്ങാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.




