കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവ് പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കെസി വേണുഗോപാലിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്. സ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയേയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരെയും തടസമില്ലാതെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുന്നത് ഭരണമികവാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് ഈ അന്ധതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കേരളം നേടിയെടുത്ത വികസനം കേരള ഗവര്‍ണറുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്. ഇങ്ങനെ വികസനകുതിപ്പുമായി മുന്നേറുന്ന കേരളം പിണറായി സര്‍ക്കാരിന് മൂന്നാമൂഴം നല്‍കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് നിലാവ് കണ്ട കുറുക്കനെപ്പോലെ വേണുഗോപാല്‍ ഓരിയിടുന്നത്. ഭരണത്തിന്റെ നേട്ടം അനുഭവിക്കാന്‍ കഴിഞ്ഞ പൊതുജനത്തെ ഈ ഓരിയിടല്‍ ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
വര്‍ഗീയതക്കെതിരെ എക്കാലവും ശക്തമായ നിലപാട് പുലര്‍ത്തി വരുന്ന സിപിഎമ്മിനെതിരെ, നട്ടാല്‍ കുരുക്കാത്ത നുണകള്‍ തട്ടിവിടുന്നത് മൃദുഹിന്ദുത്വം നയമായി സ്വീകരിച്ച കോണ്‍ഗ്രസ് ആണെന്ന കാര്യം വേണുഗോപാല്‍ മറക്കരുത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഈ നാടിന്റെ വികസനത്തില്‍ അസഹിഷ്ണുത പുലര്‍ത്തുകയാണ്. അദ്ദേഹത്തില്‍ നിന്ന് ഉയരുന്ന ഡീല്‍ പരാമര്‍ശം അതിന് തെളിവാണെന്നും പ്രൊഫ. കെവി തോമസ് പറഞ്ഞു.




