തിരുവനന്തപുരം: കോൺഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളന്നുനോക്കാനും മാർക്കിടാനും വരേണ്ട എന്ന് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു.
2022-23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പലഘട്ടങ്ങളിൽ വർഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോൺഗ്രസ്സ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അടിച്ചമർത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.


