സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. ഇന്ന് ആറാം ദിവസമാണ് മയക്കുവെടി ഉപയോഗിച്ച് ആനയെ പിടികൂടാനുള്ള ദൗത്യം നടത്തുന്നത്. വള്ളുവാടി വനമേഖലയിൽ രാവിലെ ആറുമണിയോടെ ദൗത്യസംഘം കാട്ടാനയെ കണ്ടെത്തി. പിന്നീട് വൈകുന്നേരത്തോടെയും ആനയെ കണ്ടെങ്കിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
നാളെയും ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെച്ച് ആനയെ പിടികൂടുമെന്ന് അധികൃതർ അറിയിച്ചു. യുവ കർഷകനായ രജീവിനെ കാട്ടാന ആക്രമിച്ച് കൊന്നതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കുങ്കിയാനകളെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യം ആരംഭിച്ചത്. വയനാട് ആർആർടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള പ്രവർത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം ആനയ്ക്കു നേരെ മയക്കുവെടി വെച്ചിരുന്നെങ്കിലും അത് ലക്ഷ്യം കണ്ടിരുന്നില്ല.




