കോഴിക്കോട്: ആകാശം കണ്ട് കോഴിക്കോട് നഗരത്തിലൂടെ ഇനിമുതൽ ചുറ്റി കറങ്ങാം. അതും ഡബിൾ ഡക്കർ ബസിൽ. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ബസിനു സഞ്ചരിക്കാൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയര കേബിളുകൾ തടസ്സമായിരുന്നു. ഈ കേബിളുകൾ മാറ്റിയതോടെ ഇന്ന് വൈകിട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസാണിത്.
28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് ബസിൽ മുകളിൽ 36 പേർക്കും താഴെ 28 പേർക്കും സഞ്ചരിക്കാം. മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമാണ് യാത്രസാധ്യമാകുക. യാത്രസാധ്യമാകുക. തുറന്ന അപ്പർഡക്ക് യാത്രയ്ക്ക് 200 രൂപയും താഴത്തെ ഡക്കിൽ 100 രൂപയുമാണ് നിരക്ക്.




