ആലപ്പുഴ: ആദ്യകാല നടനും ബഹുമുഖ ചലച്ചിത്രപ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽ വച്ചായിരുന്നു അന്ത്യം. അഭിനയത്തിന് പുറമേ കലാസംവിധാനം, നിശ്ചലഛായാഗ്രഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
ഉദയയും നവോദയയും നിർമ്മിച്ച ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അമാൻ. വിവാഹചടങ്ങിന്റെ ചിത്രീകരണത്തിനിടെ ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായി പരിചയപ്പെട്ടതാണ് സിനിമയിലേക്കുള്ള വഴിത്തിരിവായത്. തുടർന്ന് ഉദയയിൽ ചമയസഹായിയായി പ്രവർത്തനം തുടങ്ങി. തിരക്കഥ പകർത്തെഴുത്ത് ഉൾപ്പെടെ വിവിധ ജോലികളും ആദ്യകാലത്ത് നിർവഹിച്ചു.
കുഞ്ചാക്കോയുടെ മരണത്തിന് ശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ ആരംഭിക്കുമ്പോൾ അമാനും അദ്ദേഹത്തോടൊപ്പം ചേർന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയ്ക്കായി നടന്മാരെ തെരഞ്ഞടുക്കുന്ന ഘട്ടത്തിൽ മോഹൻലാലിനെ അഭിമുഖം നടത്തിയ സംഘത്തിൽ സിബി മലയിലും ജിജോ പുന്നൂസും ഫാസിലും ഒപ്പം അമാനും പങ്കാളിയായിരുന്നു.




