കൊച്ചി: ഹൈടെക് രീതിയിൽ മോഷണം നടത്തി വന്ന പ്രതിയെ സാഹസികമായി പിടികൂടി ആലുവ പൊലീസ്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശി ഇമ്രാൻ ഖാൻ (34) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സമ്പാളൂർ സ്വദേശിയുടെ സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മൊബൈലും എ.ടി.എം കാർഡും അടങ്ങിയ പേഴ്സും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
മാർച്ച് 14-ന് ആലുവയിലെ ടി.സി.എസ് ഐ ഓൺ എക്സാം സെന്ററിലായിരുന്നു സംഭവം. എ.ടി.എം കാർഡ് ഉപയോഗിച്ച് 65,000 രൂപ പിൻവലിച്ചതിനെ തുടർന്ന് പരാതിയെത്തിയതോടെ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്കൂട്ടറിന്റെ സീറ്റ് തുറന്ന് ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച ഫോണിലെ സിം മറ്റൊരു ഫോണിൽ ഇട്ട്, എ.ടി.എം കൗണ്ടറിൽ പിൻ മാറ്റിയശേഷം പണം പിൻവലിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ ഫോൺ വിളിക്കാനായി ഉപയോഗിക്കാറില്ല.
ആലുവ, കൊല്ലം, കിളികൊല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലുമുള്ളതിനൊപ്പം തമിഴ്നാട്ടിലും ഉത്തർപ്രദേശിലും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. യു.പി പൊലീസ് ഇയാളെ തിരയുകയായിരുന്നുവെന്നും, ഒരിടത്ത് സ്ഥിരമായി താമസിക്കാതെ സഞ്ചരിച്ചാണ് മോഷണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
മാർച്ച് 23-ന് ഭോപ്പാലിലും 27-ന് കോയമ്പത്തൂരിലുമുണ്ടായിരുന്ന പ്രതി പുതിയ മോഷണത്തിനായി കേരളത്തിലെത്തിയതായാണ് വിവരം. വൈറ്റില ഹബ് സമീപത്തെ ലോഡ്ജ് വളഞ്ഞ് പിടികൂടിയ ഇയാളിൽ നിന്ന് പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ കണ്ടെത്തി. റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.




