തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നേരിട്ടുള്ള സംവാദത്തിനില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി. സതീശനുമായുള്ള സംവാദം തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതൃഭൂമിയിലെ ലേഖനത്തിലാണ് പരാമര്‍ശം. ഫേസ് ബുക്ക് പോസ്റ്റിലെ വിഷയങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെയെന്നും അതിന് ശേഷമാകാം സംവാദമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.
സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും വിഷയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങള്‍’ എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ല. അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.




