ഹൈഫ: ഇസ്രയേലിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ നഗരമായ ഹൈഫയിലെ റിഫൈനറിയിലാണ് ആക്രമണം നടന്നത്. മാർച്ച് 19നും ഇവിടെ ആക്രമണം ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ അറിയിച്ചു. ഹൈഫയിലെ ആക്രമണത്തിന് ഹിസ്ബുല്ല ഉത്തരവാദിത്വം ഏറ്റെടുത്തു.
അതേസമയം, ഇറാനിൽ നിന്നുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാൻ യുഎസ് പദ്ധതി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏകദേശം 400 കിലോഗ്രാം യുറേനിയമാണ് ലക്ഷ്യമിടുന്നത്. ഇത് ആണവായുധ നിർമാണത്തിന് ഉപയോഗിക്കാമെന്ന ആശങ്കയാണ് അമേരിക്കയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഇറാൻ ഈ ആണവ പദാർഥങ്ങൾ കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ചർച്ചകളിലൂടെ ഇത് കൈമാറാൻ ഇറാൻ തയ്യാറാകില്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെയുള്ള നടപടികളും പരിഗണിക്കുന്നതായി അദ്ദേഹം ഉപദേശകരുമായി ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ വേഗത്തിൽ ഒരു കരാറിലേക്ക് എത്താമെന്ന പ്രതീക്ഷയും അമേരിക്ക പ്രകടിപ്പിച്ചു.




