റിയാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണ നീക്കങ്ങൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ ആക്രമണ ശ്രമങ്ങളിലായി നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ നൂറുകണക്കിന് ഡ്രോണുകളും നിരവധി ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും സൗദി സേന തകർത്തിട്ടുണ്ട്. ഭൂരിഭാഗം ആക്രമണങ്ങളും റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടായിരുന്നു.
ആക്രമണ ഭീഷണി തുടരുന്നതിനാൽ കിഴക്കൻ പ്രവിശ്യയിലും ഖർജ് പ്രദേശത്തും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ തുടരുകയും ജനലുകളിൽ നിന്ന് അകന്ന് കെട്ടിടങ്ങളിലെ സുരക്ഷിത മുറികളിലേക്ക് മാറുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളും ഉയർന്ന കെട്ടിടങ്ങളുടെയും ബാൽക്കണികളുടെയും സമീപവും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
അപകടസ്ഥലങ്ങളിൽ തിരക്ക് കൂടാതിരിക്കണമെന്നും ഫോട്ടോയും വീഡിയോയും എടുക്കാൻ ഒത്തുചേരരുതെന്നും മുന്നറിയിപ്പുണ്ട്. വാഹനത്തിൽ സഞ്ചരിക്കുന്നവർ ജാഗ്രതാ സന്ദേശം ലഭിച്ചാൽ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തണമെന്നും നിർദേശം നൽകി.
അപകടസാഹചര്യങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.




