ടെഹ്റാൻ: ഇറാനിൽ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ കൈയ്യിലെടുത്തതായി റിപ്പോർട്ടുകൾ. ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായും ഇതോടെ ഭരണസംവിധാനത്തിൽ ഐആർജിസിയുടെ സ്വാധീനം ശക്തമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രസിഡൻഷ്യൽ നിയമനങ്ങളും പ്രധാന തീരുമാനങ്ങളും ഐആർജിസി തടഞ്ഞ് നേരിട്ട് നിയന്ത്രണം സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സർക്കാരിന്റെ സാധാരണ പ്രവർത്തനം ബാധിക്കപ്പെട്ടിരിക്കുകയാണ്.
പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ പ്രസിഡന്റ് നടത്തിയ ശ്രമം ഐആർജിസി നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായും പറയുന്നു. നിർദ്ദേശിക്കപ്പെട്ട സ്ഥാനാർത്ഥികളെല്ലാം ഐആർജിസി നിരസിച്ചതായും റിപ്പോർട്ടുണ്ട്. യുദ്ധസാഹചര്യം കണക്കിലെടുത്ത് നിർണായക സ്ഥാനങ്ങളിലെ നിയമനങ്ങൾ ഐആർജിസി തന്നെ നിയന്ത്രിക്കണമെന്ന നിലപാടിലാണ് സൈനിക നേതൃത്വം.
ഇറാനിലെ നിലവിലെ സാഹചര്യത്തിൽ പരമോന്നത നേതാവായ മുജ്തബ ഖമേനിയുടെ സ്ഥിതി വ്യക്തതയില്ലാത്തതും അധികാര സമവാക്യങ്ങളെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇതോടെ പ്രസിഡന്റിന്മേൽ ഐആർജിസിയുടെ നിയന്ത്രണം കൂടുതൽ ശക്തമായതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രധാന തീരുമാനങ്ങൾ കൈകാര്യം ചെയ്യാൻ ഐആർജിസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സൈനിക കൗൺസിൽ പ്രവർത്തിക്കുന്നതായും, മുജ്തബ ഖമേനിയെ കർശന സുരക്ഷാ വലയത്തിൽ നിലനിർത്തിയതായും റിപ്പോർട്ടുകളുണ്ട്. സർക്കാരിന്റെ നിർണായക വിവരങ്ങൾ അദ്ദേഹത്തെത്തുന്നത് പോലും നിയന്ത്രിച്ചിട്ടുണ്ടെന്നുമാണ് സൂചന.
അതേസമയം, മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെയും നേതൃത്വ ശേഷിയെയും ചുറ്റിപ്പറ്റി സംശയങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുപോലും ഭിന്നത വർധിച്ചതായും, ചിലർ പ്രധാന നേതൃസ്ഥാനങ്ങളിലുള്ള വ്യക്തികളെ മാറ്റാനുള്ള നീക്കങ്ങൾ നടത്തുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനൊപ്പം, രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഐആർജിസിയിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നതോടെ സിവിൽ ഭരണസംവിധാനം പിന്നാക്കത്തിലാകുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. ഇറാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.




