മുംബൈ: മഹാരാഷ്ട്രയിൽ വിവാദമായ അശോക് ഖരാത് കേസിൽ ചോദ്യംചെയ്യലിന് എൻസിപി വനിതാ നേതാവ് രൂപാലി ചകങ്കർ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് റിപ്പോർട്ടുകൾ. നാസിക്കിലെ പോലീസ് അക്കാദമിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ട് രൂപാലി അന്വേഷണം ഒഴിവാക്കിയതായാണ് വിവരം.
താൻ ഒരു സ്ത്രീയാണെന്നും നാസിക്കിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്നുമാണ് അവർ അന്വേഷണ സംഘത്തെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചോദ്യംചെയ്യൽ നാസിക്കിന് പകരം പൂണെയിലോ മുംബൈയിലോ നടത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിട്ടുണ്ട്.
സ്വയംപ്രഖ്യാപിത ആൾദൈവവും ജ്യോത്സ്യനുമായ അശോക് ഖരാത് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് രൂപാലി വിവാദത്തിലായത്. ഖരാതിനൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങളും ചടങ്ങുകളിൽ പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. ഖരാതുമായി ബന്ധപ്പെട്ട ട്രസ്റ്റുകളിൽ രൂപാലിക്കും പങ്കുണ്ടെന്ന ആരോപണവും ഉയർന്നു. തുടർന്ന് അവർ മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തുനിന്നും എൻസിപി മഹിളാ വിഭാഗം അധ്യക്ഷസ്ഥാനത്തുനിന്നും രാജിവെച്ചു.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഖരാതുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും രൂപാലി വ്യക്തമാക്കി. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും അവർ പറഞ്ഞു.
അതേസമയം, രൂപാലിയും ഖരാതും തമ്മിലുള്ള ബന്ധം, ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗം നടന്നോയെന്നത്, ഖരാതിന്റെ സ്ഥാപനങ്ങളിലോ സ്വത്തുകളിലോ പങ്കുണ്ടോയെന്നത് തുടങ്ങിയ വിഷയങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനിടെ, ഖരാതുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതിന് നിരവധി ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അശോക് ഖരാത് അറസ്റ്റിലായത്. അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചു. ലഹരിമരുന്ന് നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഓഫീസിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നാസിക്കിലെ സമ്പന്ന പ്രദേശമായ കാനഡ കോർണറിൽ താമസിച്ചിരുന്ന ഖരാതിന് രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.




