കോട്ടയം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും സംസ്ഥാനത്ത് എൻഡിഎ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ശനിയാഴ്ച വൈകിട്ട് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് യാത്ര ചെയ്തു. വഴിയിലുടനീളം വലിയ സ്വീകരണമാണ് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തിരുവല്ലയിലെ പരിപാടിക്ക് ശേഷം മോദി തിരുവനന്തപുരത്ത് എത്തി റോഡ് ഷോയിൽ പങ്കെടുക്കും. കിള്ളിപ്പാലം മുതൽ കരമന വരെ നടക്കുന്ന റോഡ് ഷോ തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും. വൈകിട്ട് ഏഴോടെ അദ്ദേഹം മടങ്ങും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഇതിനുമുമ്പ് പാലക്കാടും തൃശ്ശൂരും നടന്ന പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എഫ്‌സിആർഎ ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സഭാ ആസ്ഥാനങ്ങൾ കൂടുതലുള്ള മധ്യകേരളത്തിലെ സന്ദർശനത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.




