ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാർ മോട്ടോർവാഹന നിയമത്തിൽ ഭേദഗതി വരുത്തി. ഈ കാലയളവിൽ ലൈസൻസ് പുതുക്കാൻ അധിക ഫീസ് ഈടാക്കില്ല.
ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കിയാൽ, പുതുക്കലിന്റെ പ്രാബല്യം കാലാവധി അവസാനിക്കുന്ന തീയതി മുതൽ ആയിരിക്കും. എന്നാൽ കാലാവധി കഴിഞ്ഞ ശേഷം പുതുക്കുകയാണെങ്കിൽ, പുതുക്കുന്ന ദിവസമാണ് പ്രാബല്യമായി കണക്കാക്കുക.
ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ് അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മോട്ടോർവാഹന നിയമം ഉൾപ്പെടെ 23 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 79 കേന്ദ്രനിയമങ്ങളിൽ 784 ഭേദഗതികളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി ശിക്ഷകൾ ലഘൂകരിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഇതിൽ 717 വ്യവസ്ഥകൾ വ്യാപാര സൗകര്യം വർധിപ്പിക്കാനും 67 എണ്ണം പൊതുജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച് പിഴകൾ പരിഷ്‌കരിക്കുകയും അപ്പീൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.




