മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിലായി. ഗ്യാസ് ടാങ്കറുകളിൽ നിന്ന് പാചകവാതകം മോഷ്ടിച്ച് ചെറിയ സിലിണ്ടറുകളിൽ നിറച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഖോജെവാഡി ഷിവർ പ്രദേശത്ത് നിന്ന് ഇവരെ പിടികൂടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്‌സിന്റെ ഗ്യാസ് ടാങ്കറുകളിൽ നിന്ന് വാതകം മോഷ്ടിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
സംഭവസ്ഥലത്ത് നിന്ന് 35,220 കിലോ എൽപിജി നിറച്ച രണ്ട് ടാങ്കറുകളും 26 സിലിണ്ടറുകളും പിടിച്ചെടുത്തു. ഇതിന് ഏകദേശം 1.26 കോടി രൂപ വിലവരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പിടിച്ചെടുത്ത പാചകവാതകം ഏകദേശം 2,480 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാനാകുന്നതാണെന്നും അധികൃതർ അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.




