കോട്ടയം: ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിൽ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച എം. സുകുമാരപിള്ളയുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡിന് ഫാദർ ജോൺ ഐപ്പ് അർഹനായി. കോട്ടയം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയായ അദ്ദേഹത്തെ ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
യാക്കോബായ സഭാ വൈദിക സംഘം സെക്രട്ടറിയായ ഫാദർ ജോൺ ഐപ്പ്, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനുഗ്രഹ മിഷന്റെ ഡയറക്ടർ കൂടിയാണ്. വിവിധ മേഖലകളിൽ അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. എം. സുകുമാരപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.




