കൊച്ചി: തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയെ 36 മണിക്കൂറിന് ശേഷം ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ‘സിയോണി’ എന്ന ബോട്ടിൽ നിന്ന് കാണാതായ രഞ്ജുമണി സോനോവാൾ (40)നെ കോസ്റ്റ് ഗാർഡ് കപ്പലായ ‘അർണവേശ്’ ആണ് കണ്ടെത്തിയത്.
മാർച്ച് 30-നു രാത്രി മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രഞ്ജുമണി ബോട്ടിൽ നിന്ന് കാണാതായത്. തുടർന്ന് മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനും കൊച്ചിയിലെ മാരിടൈം റെസ്ക്യൂ സബ് സെന്ററിനും വിവരം ലഭിച്ചതോടെ തിരച്ചിൽ ആരംഭിച്ചു.
വിവരം ലഭിച്ച ഉടൻ പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ‘അർണവേശ്’ സംഭവസ്ഥലത്തേക്ക് തിരിച്ചു. തിരച്ചിൽ ശക്തമാക്കാൻ കോസ്റ്റ് ഗാർഡ് വിമാനത്തിന്റെ സഹായവും വിനിയോഗിച്ചു. കൊച്ചി തീരത്തിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയായിരുന്നു സംഭവം.
ബുധനാഴ്ച രാവിലെ 11.45ഓടെയാണ് രഞ്ജുമണിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ നിർജലീകരണത്തെ തുടർന്ന് അദ്ദേഹം അവശനിലയിലായിരുന്നു. ഏകദേശം 36 മണിക്കൂർ ഭക്ഷണവും വെള്ളവും ഇല്ലാതെ കടലിൽ കുടുങ്ങിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ ശേഷം കപ്പലിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി, തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.















