തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയ്ക്കായി സ്പീക്കർ റോഡ് ഷോ നടത്തിയതാണെന്ന് ആരോപണം. ഇത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്നും, തുടർന്നുള്ള പ്രചാരണങ്ങളിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, ചവറ മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. 1977 മുതൽ 1996 വരെ ബേബി ജോൺ ആധിപത്യം പുലർത്തിയ മണ്ഡലമാണ് ചവറ. പിന്നീട് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. 2001ൽ ഷിബു ബേബി ജോൺ വിജയിച്ചെങ്കിലും 2006ൽ ണ് കെ പ്രേമചന്ദ്രൻ മുഖേന എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2016ൽ എൻ വിജയൻ പിള്ള വിജയിച്ചതോടെ മണ്ഡലത്തിൽ വലിയ മാറ്റം ഉണ്ടായി.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2021ൽ മകൻ സുജിത്ത് വിജയൻപിള്ള വിജയിച്ച് മണ്ഡലം നിലനിർത്തി. അന്ന് ഷിബു ബേബി ജോണിനെ 1,096 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇപ്പോൾ വീണ്ടും ശക്തമായ പോരാട്ടത്തിനാണ് ചവറ തയ്യാറെടുക്കുന്നത്.




