വാഷിങ്ടൺ: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. മുജ്തബ ഖമനേയി സ്വവർഗാനുരാഗിയാണെന്ന വിവരം സിഐഎ നൽകിയതായി ട്രംപ് അവകാശപ്പെട്ടു. Fox Newsന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളൊന്നും അവതരിപ്പിക്കാതെ ഈ ആരോപണം ഉന്നയിച്ചത്.
സി.ഐ.എയ്ക്കു പുറമേ മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങളും തനിക്ക് ലഭിച്ചതായി ട്രംപ് പറഞ്ഞു. ഇറാനിലെ കർശന നിയമ സാഹചര്യത്തിൽ ഇത് പുതിയ നേതാവിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുജ്തബയുടെ പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന അലി ഖമനേയിക്കും മകന്റെ സ്വഭാവത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും, ഇതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെപ്പറ്റി സംശയം പ്രകടിപ്പിക്കാൻ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം.
ഇറാനിലെ ഇസ്ലാമിക ശിക്ഷാനിയമപ്രകാരം സ്വവർഗാനുരാഗം ഗുരുതര കുറ്റമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിവാദം ഉയരുന്നത്.
അതേസമയം, മുൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികളേക്കാൾ കൂടുതൽ സ്വവർഗാനുരാഗികളുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, പ്രചാരണ പരിപാടികളിൽ അവരുടെ പിന്തുണ നേടാൻ പ്രത്യേക രീതികൾ സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28-ന് യു.എസ്–ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് മുജ്തബ ഖമനേയി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം ഇപ്പോൾ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും വിവരമുണ്ട്.




