ബെംഗളൂരു: ബജ്‌റംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നടയിൽ ഇന്ന് സംഘപരിവാർ ബന്ദ്. സംഘപരിവാർ ബന്ദ് കാരണം പ്രദേശത്ത് പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ മെയ് 6 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ.
കൊലപാതക കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കാറിലും പിക് അപ്പ് വാനിലുമായി എത്തിയ ആറോളം പേർ ഇയാളെ കൊലപ്പെടുത്തിയത് . ഒരു കൊലപാതക കേസിനെ തുടർന്ന് കഴിഞ്ഞവർഷമാണ് സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്.




