ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം തന്റെ ലക്ഷ്യങ്ങളിൽ പകുതിയിലധികം കൈവരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“യുദ്ധം പകുതി പിന്നിട്ടു, പക്ഷേ സമയം എന്നതിലുപരി ദൗത്യമാണ് പ്രധാനമെന്ന്” നെതന്യാഹു കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യഘട്ടത്തിൽ നാല് മുതൽ ആറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യുദ്ധത്തെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നത്. അതേസമയം, യുദ്ധം ഇനിയും ചില ആഴ്ചകൾ തുടരുമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് യുദ്ധം തുടരുന്നത്. ആയിരക്കണക്കിന് ഇറാൻ സൈനികരെ നശിപ്പിക്കുകയും അവരുടെ സൈനിക ശേഷി ഗണ്യമായി കുറയ്ക്കുകയും ചെയ്തതായി നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ ആയുധ ശേഖരം ഇല്ലാതാക്കുന്നതിനടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധ നിർമ്മാണത്തിന് സമീപിച്ചുവെന്ന ആരോപണവും നെതന്യാഹുവും ട്രംപും ആവർത്തിച്ചു. എന്നാൽ ഈ വാദത്തിന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകർ പിന്തുണ നൽകുന്നില്ല.
ഇറാൻ ഭരണകൂടം തകരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ നെതന്യാഹു, അത് യുദ്ധത്തിന്റെ നേരിട്ടുള്ള ലക്ഷ്യമല്ലെന്നും വ്യക്തമാക്കി. ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഷിയും ആണവ ശേഷിയും തകർക്കുകയും രാജ്യത്തെ അകത്തുനിന്ന് ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നിലവിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




