ആലപ്പുഴ: ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രോത്സവത്തിനിടെ റാപ്പർ വേടന്റെ പാട്ട് അവതരിപ്പിക്കുന്നത് സംഘാടകർ തടഞ്ഞത് വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കൊച്ചിൻ തരംഗ് ബീറ്റ്സ് സംഘത്തിലെ ഗായകർ ആദ്യം ഭക്തിഗാനങ്ങൾ അവതരിപ്പിച്ച ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം. ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിന്റെ ട്രാക്ക് ആരംഭിച്ചപ്പോൾ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടു.
വേടന്റെ ഗാനങ്ങൾ സംസ്കാരത്തിന് യോജിക്കാത്തതാണെന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചത്. പൊതുയോഗത്തിൽ തന്നെ ഇത്തരം ഗാനങ്ങൾ ഉൾപ്പെടുത്തരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഇതുപോലുള്ള അനുഭവങ്ങൾ മറ്റ് ക്ഷേത്രങ്ങളിലും നേരിട്ടിട്ടുണ്ടെന്ന് കൊച്ചിൻ തരംഗ് ബീറ്റ്സ് അംഗങ്ങൾ പറയുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് നേടിക്കൊടുത്ത ഗാനമാണ് ‘കുതന്ത്രം’. സുഷിൻ ശ്യാം ഈണമിട്ട ഈ ഗാനം എഴുതിയും ആലപിച്ചും ശ്രദ്ധ നേടിയതും വേടനാണ്.




