ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി സഖ്യമായി മത്സരിക്കുന്ന ബിജെപി 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ സംസ്ഥാന അദ്ധ്യക്ഷനും പാർട്ടിയുടെ പ്രധാന മുഖവുമായ കെ അണ്ണാമലൈക്ക് ആദ്യ പട്ടികയിൽ സീറ്റ് ലഭിച്ചില്ല.
മുൻ കേന്ദ്രമന്ത്രി തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷയായ വാനത്തി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ അവിനാശി മണ്ഡലത്തിൽ മത്സരിക്കും. വനിതകളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉൾപ്പെട്ടതാണ് പട്ടിക. തമിഴ്നാട്ടിൽ എഐഎഡിഎംകെ, ഡിഎംകെ എന്നിവയ്ക്ക് പിന്നാലെ മൂന്നാം ശക്തിയായി ഉയരാനാണ് ബിജെപി ശ്രമിക്കുന്നത്.
സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ അണ്ണാമലൈ അഭിനന്ദനവുമായി രംഗത്തെത്തി. മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ആശംസകൾ നേർന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണെന്നും പറഞ്ഞു.




