കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള സംവാദത്തെ കുറിച്ച് പ്രതികരിച്ച് നടൻ സലിം കുമാർ. വിഡി സതീശനെ സംവാദത്തിന് വെല്ലുവിളിക്കരുതെന്ന് മുഖ്യമന്ത്രിയോട് സലിം കുമാർ പറഞ്ഞു.
“പുലിമടയിൽ തലവയ്ക്കരുത്. വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് എഴുതിക്കും” എന്നായിരുന്നു സലിം കുമാറിന്റെ പരാമർശം. നേരത്തെ തോമസ് ഐസക്കിനെ കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്ന് എഴുതിച്ച ആളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.
കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടെയായിരുന്നു സലിം കുമാറിന്റെ പ്രതികരണം. ‘ഊളംപാറ’ എന്ന മാനസികാരോഗ്യ കേന്ദ്രം ഇല്ലെന്നും, അങ്ങനെ രണ്ട് ആളുകളും ഇല്ലെന്നും പറഞ്ഞ അദ്ദേഹം, ഉണ്ടെങ്കിൽ അവരുടെ വിലാസം നൽകണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള സംവാദം നടക്കാത്തതിൽ നിരാശയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് സംവാദത്തിന് തയാറാകുമെന്ന് കരുതിയിരുന്നുവെന്നും, സോഷ്യൽ മീഡിയ വഴിയുള്ള സംവാദത്തിന് താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ആവർത്തിച്ച് തെറ്റായ കാര്യങ്ങൾ പറയുകയാണെന്നും, കേരളത്തിൽ ഇത്രയും കള്ളം പറഞ്ഞ ഭരണാധികാരി ഉണ്ടായിട്ടില്ലെന്നും സതീശൻ ആരോപിച്ചു. വയനാട്ടിൽ സമാഹരിച്ച ധനത്തിന്റെ കണക്കുകൾ കോൺഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.



