പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യു.ഡി.എഫിന് ആവേശം നൽകാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്ടെത്തും. വൈകിട്ട് 3 മണിക്ക് കോട്ടമൈതാനത്ത് നടക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാലോടെ രാഹുൽ ഗാന്ധി വേദിയിലെത്തും. ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന അദ്ദേഹം അവിടെ നിന്ന് കാറിൽ കോട്ടമൈതാനത്ത് എത്തും. ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥികളും കെ. സി. വേണുഗോപാൽ എംപിയും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ മടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.




