എറണാകുളം: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും.
കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി ഫോൺ എടുത്തില്ല. ഭീഷണിയുണ്ടായതായി മൊഴി നൽകിയിട്ടില്ല. മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകിയിരുന്നു.




