തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇഡി അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ്. 2026 ജനുവരി 20ന് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് ശേഷം 66 ദിവസം കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് വിമർശനം. ഫെബ്രുവരി 17ന് നടൻ ജയറാമിനെ ചോദ്യം ചെയ്തതും ശ്രദ്ധേയമായിരുന്നു. എന്നാൽ അതിന് ശേഷം 40 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ മുന്നേറ്റമില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി.
കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരർ രാജീവർ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മുൻ ഭരണ-എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ മുരാരി ബാബു എന്നിവർക്ക് ജാമ്യം ലഭിച്ചതും വിവാദമായി. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമയത്ത് സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചതെന്നാണ് യുഡിഎഫ് ആരോപണം. ഇതോടൊപ്പം ഇഡി അന്വേഷണം മന്ദഗതിയിലായതും കേസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി അവർ പറയുന്നു.
തുടക്കത്തിൽ ശക്തമായി മുന്നോട്ട് വന്ന ഇഡി പിന്നീട് എന്തുകൊണ്ട് നിശ്ശബ്ദമായെന്നതാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന ചോദ്യമെന്നും, റെയ്ഡുകളും ചോദ്യം ചെയ്യലുകളും കഴിഞ്ഞ് തുടർനടപടികൾ എടുക്കാത്തത് സംശയാസ്പദമാണെന്നും യുഡിഎഫ് ആരോപിച്ചു. കേസ് നടപടികൾ വൈകുന്നതിലൂടെ ആരെയാണ് സഹായിക്കുന്നതെന്നും ചോദിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായാണ് യുഡിഎഫ് രംഗത്തെത്തിയത്.




